Monday, 18 January 2010

കണ്ണെഴുത്ത്‌

പെണ്ണേ
നീ കണ്ണാണ്‌, കണ്ണ്‌ മാത്രമാണ്‌.
രണ്ട്‌ കണ്ണുകളിലേയ്ക്ക്‌ നിന്നെ
ഞാൻ ചുരുക്കിയെഴുതുന്നു.

കണ്ണിൽ നീ
നിന്നെ ഒളിപ്പിച്ചിരിക്കുന്നു ;
പ്രപഞ്ചത്തെ
എന്നേയ്ക്കുമായി തടവിലാക്കിയിരിക്കുന്നു.

നിന്റെ കണ്ണിലെ പ്രണയത്തിന്റെ നക്ഷത്രത്തിളക്കങ്ങളെ
ഏതോ അദൃശ്യാവരണം മൂടിവച്ചിട്ടും
അതിന്റെ ഒറ്റ രശ്മികൾ
ആരെയോ തേടി ഇടയ്ക്കിറങ്ങി നടന്നു.
വിഷം പുരട്ടാതെ
മുറിവേൽപ്പിക്കാൻ മാത്രമായി
വേടൻ കാത്തുവച്ച അമ്പുപോലെ
നീ ഇടയ്ക്കിടെ പുഞ്ചിരിക്കുന്നു.
വിഷാദത്തിന്റെ മൊരികളെ വകഞ്ഞുമാറ്റി
ഇടയ്ക്കിടെ അതിന്റെ മൂർച്ച തിളങ്ങുന്നു.

ഒരു ചുഴിയുടെ ഭീകരതയെ
നീ പുതച്ചിട്ടുണ്ട്‌
അതെന്നെ വാരിക്കുഴികളുടെ
ശാന്തതയെ ഓർമ്മിപ്പിക്കുന്നു.

നിന്റെ പേര്‌ ഞാനോർക്കാറില്ല ;
രൂപവും.
പക്ഷേ,
കടലുറങ്ങുന്ന കണ്ണുകളും
അപരിചിതമായ പുഞ്ചിരിയും
മറക്കാനേ വയ്യ.

ഏത്‌ പേന കൊണ്ടാണ്‌
നിന്നെ
കണ്ണായും പുഞ്ചിരിയായും
ചുരുക്കിയെഴുതിയത്‌ ?
ഏത്‌ മഷിത്തണ്ട്‌ കൊണ്ടാണ്‌
അവശേഷിക്കുന്നതൊക്കെ
മായിച്ചുകളഞ്ഞത്‌ ?

ജീവിതം
നിന്റെ കണ്ണിലെ പ്രകാശപ്പുക്കളെ
ബലാത്സംഗം ചെയ്യാതിരിക്കട്ടെ
കാലം
നിന്റെ പുഞ്ചിരിയെ
കൊത്തിപ്പ#​‍ിക്കാതിരിക്കട്ടെ !

1 comment:

SAJAN S said...

ഒരു ചുഴിയുടെ ഭീകരതയെ
നീ പുതച്ചിട്ടുണ്ട്‌
അതെന്നെ വാരിക്കുഴികളുടെ
ശാന്തതയെ ഓർമ്മിപ്പിക്കുന്നു!!
:)