Monday, 18 January 2010

കണ്ണെഴുത്ത്‌

പെണ്ണേ
നീ കണ്ണാണ്‌, കണ്ണ്‌ മാത്രമാണ്‌.
രണ്ട്‌ കണ്ണുകളിലേയ്ക്ക്‌ നിന്നെ
ഞാൻ ചുരുക്കിയെഴുതുന്നു.

കണ്ണിൽ നീ
നിന്നെ ഒളിപ്പിച്ചിരിക്കുന്നു ;
പ്രപഞ്ചത്തെ
എന്നേയ്ക്കുമായി തടവിലാക്കിയിരിക്കുന്നു.

നിന്റെ കണ്ണിലെ പ്രണയത്തിന്റെ നക്ഷത്രത്തിളക്കങ്ങളെ
ഏതോ അദൃശ്യാവരണം മൂടിവച്ചിട്ടും
അതിന്റെ ഒറ്റ രശ്മികൾ
ആരെയോ തേടി ഇടയ്ക്കിറങ്ങി നടന്നു.
വിഷം പുരട്ടാതെ
മുറിവേൽപ്പിക്കാൻ മാത്രമായി
വേടൻ കാത്തുവച്ച അമ്പുപോലെ
നീ ഇടയ്ക്കിടെ പുഞ്ചിരിക്കുന്നു.
വിഷാദത്തിന്റെ മൊരികളെ വകഞ്ഞുമാറ്റി
ഇടയ്ക്കിടെ അതിന്റെ മൂർച്ച തിളങ്ങുന്നു.

ഒരു ചുഴിയുടെ ഭീകരതയെ
നീ പുതച്ചിട്ടുണ്ട്‌
അതെന്നെ വാരിക്കുഴികളുടെ
ശാന്തതയെ ഓർമ്മിപ്പിക്കുന്നു.

നിന്റെ പേര്‌ ഞാനോർക്കാറില്ല ;
രൂപവും.
പക്ഷേ,
കടലുറങ്ങുന്ന കണ്ണുകളും
അപരിചിതമായ പുഞ്ചിരിയും
മറക്കാനേ വയ്യ.

ഏത്‌ പേന കൊണ്ടാണ്‌
നിന്നെ
കണ്ണായും പുഞ്ചിരിയായും
ചുരുക്കിയെഴുതിയത്‌ ?
ഏത്‌ മഷിത്തണ്ട്‌ കൊണ്ടാണ്‌
അവശേഷിക്കുന്നതൊക്കെ
മായിച്ചുകളഞ്ഞത്‌ ?

ജീവിതം
നിന്റെ കണ്ണിലെ പ്രകാശപ്പുക്കളെ
ബലാത്സംഗം ചെയ്യാതിരിക്കട്ടെ
കാലം
നിന്റെ പുഞ്ചിരിയെ
കൊത്തിപ്പ#​‍ിക്കാതിരിക്കട്ടെ !

Wednesday, 13 January 2010

മണിക്കൂറുകൾ മോഷ്ടിക്കുന്നതെങ്ങനെ?-ഒരു അനുഭവക്കുറിപ്പ്‌

കാലം വരുന്നത്‌ മരുഭൂമിയിൽ നിന്നുമാവണം.
തൊഴിൽ പഠിച്ചത്‌ മരുഭൂമിയിലെ കൊള്ളക്കാരിൽ നിന്നുമാവണം
കനിവിന്റെ അറകളൊന്നും ചോർന്നൊലിക്കാതെ
ബലമായി മണിക്കൂറുകളെ കവർച്ച ചെയ്യണമെങ്കിൽ
മറ്റാര്‌ ഗുരുവായാലാണ്‌ സാധ്യമാവുക ?

കൊള്ള ആസൂത്രിതമായാണ്‌
ആദ്യം
കാണാമറയത്തിരുന്ന്‌
ഓർമ്മ പുരട്ടിയ ഒരമ്പ്‌ നെഞ്ചിലേയ്ക്കയക്കുന്നു.
ബാക്കി എളുപ്പമാണ്‌
ഒരായിരം കടത്തുവള്ളങ്ങൾ അരികിലെത്തുന്നതോ
പുറം കടലിലേയ്ക്ക്‌ കടത്തിക്കൊണ്ടുപോകുന്നതോ
പിന്നെ നമ്മൾ അറിയില്ല.
മിഴികൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രിയപ്പെട്ടവന്‌
ചെമ്പകപ്പൂക്കളിൽ പ്രണയലേഖനമെഴുതി
കാറ്റിനെ ഏൽപ്പിക്കുന്ന പ്രണയിനിയെപ്പോലെ...

ഒടുവിൽ ചതി തിരിച്ചറിഞ്ഞ്‌
പിറ്റേന്നത്തെ പരീക്ഷയുടെ കാര്യം പറഞ്ഞ്‌
കടത്തുകാരനെ ഭീഷണിപ്പെടുത്തി
തിരകെയെത്തുമ്പോൾ
കാത്തുവച്ചിരുന്ന മണിക്കൂറുകൾ മോഷണം പോയിട്ടുണ്ടാകും.
നോട്ടുബുക്കിന്റെ ആദ്യതാളിൽ നിന്ന്‌
മഴ അക്ഷരമെടുത്തതറിയാതിരിക്കാൻ
കാറ്റ്‌ അവസാനത്തെ താളെടുത്തുവച്ചിട്ടുണ്ടാകും
തുറന്നുവച്ച മഷിപ്പേന എഴുതാനോങ്ങിയ വാക്കുകൾ
ഉണങ്ങിപ്പോയിട്ടുണ്ടാകും.
കൂട്ടുകാരിയെ കാണാൻ
ജനലിൽപ്പിടിച്ചുകയറുന്നതിനിടയിൽ
കാൽത്തട്ടിവീണുപൊട്ടിയ കണ്ണടയിലേയ്ക്ക്‌ നോക്കി നോക്കിയിരുന്ന്‌
കുറിഞ്ഞപ്പൂച്ച ഉറങ്ങിയിട്ടുണ്ടാകും.

കട്ടെടുക്കപ്പെട്ട മണിക്കൂറുകളെയും
ഇനിയും മറിക്കാത്ത താളുകളെയും താരതമ്യം ചെയ്ത്‌
പരീക്ഷയോർത്ത്‌ പേടിച്ചുകൊണ്ട്‌
എന്റെ ലോകത്തിൽ
ഞാൻ മാത്രം
നഷ്ടപ്പെട്ടിട്ടുണ്ടാകും.

ഓർമ്മകൾ മണിക്കൂറുകൾ മോഷ്ടിക്കുന്നതെങ്ങനെ?-ഒരു അനുഭവക്കുറിപ്പ്‌

കാലം വരുന്നത്‌ മരുഭൂമിയിൽ നിന്നുമാവണം.
തൊഴിൽ പഠിച്ചത്‌ മരുഭൂമിയിലെ കൊള്ളക്കാരിൽ നിന്നുമാവണം
കനിവിന്റെ അറകളൊന്നും ചോർന്നൊലിക്കാതെ
ബലമായി മണിക്കൂറുകളെ കവർച്ച ചെയ്യണമെങ്കിൽ
മറ്റാര്‌ ഗുരുവായാലാണ്‌ സാധ്യമാവുക ?

കൊള്ള ആസൂത്രിതമായാണ്‌
ആദ്യം
കാണാമറയത്തിരുന്ന്‌
ഓർമ്മ പുരട്ടിയ ഒരമ്പ്‌ നെഞ്ചിലേയ്ക്കയക്കുന്നു.
ബാക്കി എളുപ്പമാണ്‌
ഒരായിരം കടത്തുവള്ളങ്ങൾ അരികിലെത്തുന്നതോ
പുറം കടലിലേയ്ക്ക്‌ കടത്തിക്കൊണ്ടുപോകുന്നതോ
പിന്നെ നമ്മൾ അറിയില്ല.
മിഴികൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രിയപ്പെട്ടവന്‌
ചെമ്പകപ്പൂക്കളിൽ പ്രണയലേഖനമെഴുതി
കാറ്റിനെ ഏൽപ്പിക്കുന്ന പ്രണയിനിയെപ്പോലെ...

ഒടുവിൽ ചതി തിരിച്ചറിഞ്ഞ്‌
പിറ്റേന്നത്തെ പരീക്ഷയുടെ കാര്യം പറഞ്ഞ്‌
കടത്തുകാരനെ ഭീഷണിപ്പെടുത്തി
തിരകെയെത്തുമ്പോൾ
കാത്തുവച്ചിരുന്ന മണിക്കൂറുകൾ മോഷണം പോയിട്ടുണ്ടാകും.
നോട്ടുബുക്കിന്റെ ആദ്യതാളിൽ നിന്ന്‌
മഴ അക്ഷരമെടുത്തതറിയാതിരിക്കാൻ
കാറ്റ്‌ അവസാനത്തെ താളെടുത്തുവച്ചിട്ടുണ്ടാകും
തുറന്നുവച്ച മഷിപ്പേന എഴുതാനോങ്ങിയ വാക്കുകൾ
ഉണങ്ങിപ്പോയിട്ടുണ്ടാകും.
കൂട്ടുകാരിയെ കാണാൻ
ജനലിൽപ്പിടിച്ചുകയറുന്നതിനിടയിൽ
കാൽത്തട്ടിവീണുപൊട്ടിയ കണ്ണടയിലേയ്ക്ക്‌ നോക്കി നോക്കിയിരുന്ന്‌
കുറിഞ്ഞപ്പൂച്ച ഉറങ്ങിയിട്ടുണ്ടാകും.

കട്ടെടുക്കപ്പെട്ട മണിക്കൂറുകളെയും
ഇനിയും മറിക്കാത്ത താളുകളെയും താരതമ്യം ചെയ്ത്‌
പരീക്ഷയോർത്ത്‌ പേടിച്ചുകൊണ്ട്‌
എന്റെ ലോകത്തിൽ
ഞാൻ മാത്രം
നഷ്ടപ്പെട്ടിട്ടുണ്ടാകും.

പ്രണയി- ഒരു വിചാരണ

പ്രണയികൾ
വാക്കിന്റെ മുനകളിലാണ്‌ ജീവിക്കുന്നത്‌.

ഓരോ പ്രണയിയും
വിചാരണ കേൾക്കുന്ന ന്യായാധിപനാണ്‌.
അവർ
പ്രണയമൊഴികൾക്കിടയിൽ
കറുപ്പ്‌ പുതച്ചെത്തുന്ന വാക്കുകൾക്കിടയിൽ
വരയ്ക്കാൻ
ചോദ്യചിഹ്നമിടാൻ
എപ്പോഴും കാത്തിരിക്കുന്നു.
വിശദാംശങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

പ്രണയി ഒരു പത്രപ്രവർത്തകനാണ്‌.
ഇലകൊഴിഞ്ഞതും
ഉറുമ്പ്‌ ചത്തതുമൊക്കെ
അവർക്ക്‌ വാർത്തകളാവുന്നു.

ജീവിതച്ചന്തയിൽ
നല്ല മുഖം മൂടി തെരഞ്ഞെടുക്കുന്നത്‌
പ്രണയിയാണ്‌.

പുഴ തീരങ്ങളെ തല്ലിത്തകർത്ത്‌
താൻ ഒഴുകുന്നുണ്ടെന്ന്‌ തെളിയിക്കുന്നപോലെയാണ്‌
പ്രണയികൾ ഇഷ്ടം ബോധ്യപ്പെടുത്തുന്നത്‌.

ഹൃദയത്തേക്കാൾ
പ്രണയി വിശ്വസിക്കുന്നത്‌
വാക്കുകളെയാണ്‌.
പക്ഷേ,
വാക്കുകൾക്ക്‌ മുൻപിലാണ്‌
അവരെന്നും അവിശ്വാസിയാവുന്നതും.

മിഴിയുടെ വാചാലതയിൽ നിന്നും
മൊഴികൾക്കിടയിലെ അഗാധമൗനങ്ങൾക്കിടയിൽ നിന്നും
പ്രണയം കൊയ്തെടുക്കാനാവാത്ത പ്രണയിയെ
വധശിക്ഷയ്ക്ക്‌ വിധിച്ചിരിക്കുന്നു

തടവുകാരൻ

നിദ്രയുടെ ഏതുപടവിൽവെച്ചാണ്‌
നിന്റെ ഓർമ്മകളുടെ പീഡനത്തിൻ നിന്ന്‌
എന്റെ സ്വപ്നങ്ങൾ മുക്തമാവുക!
ഞാൻ മാത്രമായൊന്ന്‌ ഉറങ്ങിക്കിടക്കുക!

Tuesday, 5 January 2010

കത്തുകള്‍

പരീക്ഷാഹാളിലേയ്ക്ക്‌
കയറുന്നതിന്തൊട്ടുമുമ്പ്‌
വരുമെന്ന്‌ ഉറപ്പുള്ള ചോദ്യോത്തരം
താളുമറിച്ചു പരതുന്ന
കുട്ടിയെപ്പോലെയാകും
സ്വന്തം മേൽവിലാസമെഴുതിയ കത്ത്‌
കൈയിലെത്തുമ്പോൾ മനസ്സ്‌.

അറിഞ്ഞിട്ടും പറയാതെ
പുതപ്പിട്ടുമൂടി
ഉറങ്ങാതെയുറങ്ങുന്ന
പിറന്നാൾരാത്രിയിൽ
പാതിരായ്ക്കെത്തിയ അച്ഛൻ
"മോനേ ഈ ഷർട്ടൊന്നിട്ടു നോക്കിയേ"? ?
എന്നു പറഞ്ഞ്‌
വിളിച്ചുണർത്തുമ്പോഴത്തെ സന്തോഷമാവും
ചില കത്തുകൾ ഒടുവിലവശേഷിപ്പിക്കുക.

ഏറെനേരം പ്രണയിയെ കാത്തിരുന്നിട്ട്‌
ഒടുവിൽ വീട്ടിലേയ്ക്കുള്ള
അവസാനത്തെ ബസ്സിൽ
തലകുനിച്ചുകയറുന്ന
പ്രണയിനിയുടെ മരവിപ്പാകും
ചില കത്തുകളുടെ വരികളെ
പാറ്റിയെടുത്തതിനു ശേഷം
മിച്ചമുണ്ടാവുക.

ഏറെ നാൾ കാത്തിട്ടും
വന്നുചേരാത്ത കത്തുകൾ
കത്തുകുഞ്ഞുങ്ങളെ
പ്രസവിക്കുകയായിരിക്കും എന്നോർത്ത്‌
വെറുതെ ആശ്വസിക്കാറുണ്ട്‌

ചില കത്തുകളിൽ
ഓർമ്മയുടെ
ചെമ്പകമരങ്ങൾ
പൂത്തുനിൽക്കുന്നുണ്ടാവും,
ചിലതിന്‌ കൗതുകങ്ങളുടെ
മയിൽപ്പീലിനിറങ്ങളുണ്ടാകും,
ചിലപ്പോൾ വാത്സല്യത്തിന്റെ
രാസ്നാദിപ്പൊടികൾ പുരണ്ടിട്ടുണ്ടാകും,
അല്ലെങ്കിൽ ശകാരച്ചുവയുള്ള
വിയർപ്പുമണക്കുന്നുണ്ടാവും.

എങ്കിലും
ഏതോ ഒരോർമ്മയുടെ അറയിൽ
ഒരിടം തനിക്കുണ്ടെന്ന്‌
ഓരോ കത്തും ഓർമ്മപ്പെടുത്തുന്നു.
മിഴികൾക്ക്‌ എത്താനാവാത്ത ദൂരങ്ങൾ
വാക്കുകളുടെ കൈപിടിച്ച്‌ നടന്നെത്തി
നെഞ്ചോട്‌ നെഞ്ച്‌ ചേർത്ത്‌ വയ്ക്കാമെന്ന്‌,
നിശ്വാസങ്ങളുടെ ചൂടുപോലും
അക്ഷരങ്ങളിൽ പൊതിഞ്ഞയയ്ക്കാമെന്ന്‌
ഓരോ കത്തും ആശ്വസിപ്പിക്കുന്നു.
ഓർമ്മകളൊക്കെ
കാലത്തിന്റെ കടലെടുക്കുന്ന
കറുത്തരാവിലേയ്ക്കു വേണ്ടി
സൂക്ഷിച്ചുവയ്ക്കാമെന്ന്‌
ഓരോ കത്തും വാക്കുതരുന്നു.

Saturday, 2 January 2010

നുഴഞ്ഞുകയറ്റം

യുക്തി കൊണ്ട്‌ അളന്നിട്ട്‌ മാത്രമേ
ദൈവത്തിനെപ്പോലും
പ്രവേശിപ്പിച്ചിരുന്നുള്ളു!
എന്നിട്ടും
നീ മാത്രമെങ്ങനെ രക്ഷപെട്ടുപോയി ??

ഓർമ്മവേട്ട....

ഓർമ്മ ഒരു മരമായിരുന്നെങ്കിൽ
അടിവേര്‌ പറിച്ചുകളഞ്ഞിട്ട്‌
വസന്തത്തിന്‌ ഉപരോധമേർപ്പെടുത്തി
മുളപൊട്ടലുകളുടെ അവസാനസാധ്യതകളെയും നിഷേധിക്കാമായിരുന്നു.

ഓർമ്മ ഒരു മഴയായിരുന്നെങ്കിൽ
കാളമേഘങ്ങളെ നാടുകടത്തി
വിയർക്കരുതെന്ന്‌ കടലിന്‌ താക്കീത്‌ കൊടുത്ത്‌
മരപ്പെയ്ത്തെന്ന സ്വപ്നത്തെപ്പോലും തച്ചുടയ്ക്കാമായിരുന്നു.

ഓർമ്മ ഒരു കടലായിരുന്നെങ്കിൽ
ജീവിതത്തിന്റെ ക്ഷുഭിതസൂര്യന്‌ അധിനിവേശത്തിനേൽപ്പിച്ചുകൊടുത്തിട്ട്‌
ഘനീഭവിക്കലുകളും മഴകളും തടഞ്ഞ്‌
ഭൂമിയിലേത്‌ വറ്റിത്തീരുന്നതും
സൂര്യനുചുറ്റുമൊരു കടലുണ്ടാകുന്നതും
കാത്തിരുന്ന്‌ കാലം കഴിക്കാമായിരുന്നു.

ഓർമ്മ ഒരു നിലാവായിരുന്നെങ്കിൽ
കൂമ്പാൻ തുടങ്ങുന്ന ആമ്പലിനുള്ളിൽ
അവശേഷിക്കുന്ന പ്രണയഭൂമിക അളക്കാനയച്ചിട്ട്‌
ആമ്പലിനോട്‌
ഇനിയൊരിക്കലും വിരിഞ്ഞുപോകരുതെന്ന്‌
ഉത്തരവിട്ട്‌ സ്വസ്ഥമാവാമായിരുന്നു.

പക്ഷേ, എന്തുചെയ്യാം?
ഓർമ്മ മരമോ മഴയോ കടലോ നിലാവോ ആയിരുന്നില്ല
ഓർമ്മ സൂര്യന്റെ പൊള്ളലായിരുന്നു
അമാവാസിയുടെ ഇരുട്ടായിരുന്നു
മകരമഞ്ഞിന്റെ കുളിരായിരുന്നു.

ആപേക്ഷികമായ പെരുംഭാരങ്ങൾ
ഓർമ്മ ചുമക്കുന്നുണ്ടായിരുന്നു.
അതുകൊണ്ട്‌
ഉച്ചക്കഞ്ഞിക്കായി മാത്രം ക്ലാസ്സിലെത്തി
ഉത്തരങ്ങൾക്കുവേണ്ടി ആകുലപ്പെടുന്ന സ്കൂൾ കുട്ടിയെപ്പോലെ
ചോദ്യങ്ങളുമായെത്തുന്ന ഓർമ്മകൾക്കുമുന്നിൽ
തലകുനിച്ചുനിൽക്കേണ്ടിവരുന്നു.
എന്നിട്ട്‌,
കുറേശകാരങ്ങൾക്കുശേഷം
പിന്തിരിഞ്ഞുനോക്കാതെ
ക്ലാസ്സിനു പുറത്തുപോയി
നെടുവീർപ്പിടേണ്ടി വരുന്നു..
പുറങ്കൈ കൊണ്ട്‌ കവിളുതുടയ്ക്കേണ്ടിവരുന്നു...ഓർമ്മ ഒരു മരമായിരുന്നെങ്കിൽ
അടിവേര്‌ പറിച്ചുകളഞ്ഞിട്ട്‌
വസന്തത്തിന്‌ ഉപരോധമേർപ്പെടുത്തി
മുളപൊട്ടലുകളുടെ അവസാനസാധ്യതകളെയും നിഷേധിക്കാമായിരുന്നു.

ഓർമ്മ ഒരു മഴയായിരുന്നെങ്കിൽ
കാളമേഘങ്ങളെ നാടുകടത്തി
വിയർക്കരുതെന്ന്‌ കടലിന്‌ താക്കീത്‌ കൊടുത്ത്‌
മരപ്പെയ്ത്തെന്ന സ്വപ്നത്തെപ്പോലും തച്ചുടയ്ക്കാമായിരുന്നു.

ഓർമ്മ ഒരു കടലായിരുന്നെങ്കിൽ
ജീവിതത്തിന്റെ ക്ഷുഭിതസൂര്യന്‌ അധിനിവേശത്തിനേൽപ്പിച്ചുകൊടുത്തിട്ട്‌
ഘനീഭവിക്കലുകളും മഴകളും തടഞ്ഞ്‌
ഭൂമിയിലേത്‌ വറ്റിത്തീരുന്നതും
സൂര്യനുചുറ്റുമൊരു കടലുണ്ടാകുന്നതും
കാത്തിരുന്ന്‌ കാലം കഴിക്കാമായിരുന്നു.

ഓർമ്മ ഒരു നിലാവായിരുന്നെങ്കിൽ
കൂമ്പാൻ തുടങ്ങുന്ന ആമ്പലിനുള്ളിൽ
അവശേഷിക്കുന്ന പ്രണയഭൂമിക അളക്കാനയച്ചിട്ട്‌
ആമ്പലിനോട്‌
ഇനിയൊരിക്കലും വിരിഞ്ഞുപോകരുതെന്ന്‌
ഉത്തരവിട്ട്‌ സ്വസ്ഥമാവാമായിരുന്നു.

പക്ഷേ, എന്തുചെയ്യാം?
ഓർമ്മ മരമോ മഴയോ കടലോ നിലാവോ ആയിരുന്നില്ല
ഓർമ്മ സൂര്യന്റെ പൊള്ളലായിരുന്നു
അമാവാസിയുടെ ഇരുട്ടായിരുന്നു
മകരമഞ്ഞിന്റെ കുളിരായിരുന്നു.

ആപേക്ഷികമായ പെരുംഭാരങ്ങൾ
ഓർമ്മ ചുമക്കുന്നുണ്ടായിരുന്നു.
അതുകൊണ്ട്‌
ഉച്ചക്കഞ്ഞിക്കായി മാത്രം ക്ലാസ്സിലെത്തി
ഉത്തരങ്ങൾക്കുവേണ്ടി ആകുലപ്പെടുന്ന സ്കൂൾ കുട്ടിയെപ്പോലെ
ചോദ്യങ്ങളുമായെത്തുന്ന ഓർമ്മകൾക്കുമുന്നിൽ
തലകുനിച്ചുനിൽക്കേണ്ടിവരുന്നു.
എന്നിട്ട്‌,
കുറേശകാരങ്ങൾക്കുശേഷം
പിന്തിരിഞ്ഞുനോക്കാതെ
ക്ലാസ്സിനു പുറത്തുപോയി
നെടുവീർപ്പിടേണ്ടി വരുന്നു..
പുറങ്കൈ കൊണ്ട്‌ കവിളുതുടയ്ക്കേണ്ടിവരുന്നു...